31 July, 2024 07:23:56 PM
കുമാരനല്ലൂരിൽ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നയാള്‍ അഴിക്കുള്ളില്‍
കോട്ടയം: കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കോട്ടയം പാറമ്പുഴ തെക്കേ തുണ്ടത്തിൽ വീട്ടിൽ റോബിൻ ജോർജ് (29) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്. ഇയാൾ കുമാരനല്ലൂരിൽ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവരികയും ഇത് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് ആക്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിൽ നിന്നും 17.8 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടാതെ ഇയാൾ മണർകാട് സ്റ്റേഷനിലെ കഞ്ചാവ് കേസിലും പ്രതിയാണ്.
ഇത്തരത്തിൽ കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act,1988 പ്രകാരം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് ഇയാളെ കരുതൽ തടങ്കലിൽ അടക്കുന്നതിന് അനുമതി നൽകിയത്. കോട്ടയം ജില്ലയിൽ രണ്ടാമതയാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ഇത്തരത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്..
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത് ,എസ്.ഐ മാരായ നെൽസൺ സി.എസ്, ജിജി ലൂക്കോസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ് ജോസഫ്, ജയേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലിൽ അടച്ചു.