29 July, 2024 05:43:03 PM
ഇന്റേണൽ കമ്മറ്റി പലയിടത്തും നിയമപ്രകാരമല്ല രൂപീകരിച്ചിട്ടുള്ളത്- അഡ്വ. ഇന്ദിരാ രവീന്ദ്രൻ
കോട്ടയം: തൊഴിൽസ്ഥലത്തെ സ്ത്രീകളുടെ പരാതികൾ പരിശോധിക്കുന്നതിനുള്ള ഇന്റേണൽ കമ്മറ്റി പലയിടത്തും നിയമപ്രകാരമല്ല രൂപീകരിച്ചിട്ടുള്ളതെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ പറഞ്ഞു. ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടത്തിയ കോട്ടയം ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. സ്ത്രീകളുടെ അന്തസിനെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന പ്രശ്നങ്ങൾ തൊഴിൽ സ്ഥലത്ത് നേരിടേണ്ടി വന്നാൽ അത്തരം പരാതികൾ പോഷ് ആക്ട് അനുശാസിക്കുന്ന പ്രകാരം ഇന്റേണൽ കമ്മറ്റി പരിശോധിക്കണമെന്നാണ് നിയമം. വനിതാ കമ്മിഷന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും നിരന്തര ഇടപെടലിന്റെ ഫലമായി മിക്കവാറും ഇടങ്ങളിൽ ഇന്റേണൽ കമ്മറ്റി രൂപീകരിച്ചതായി കാണുന്നുണ്ട്. ചിലയിടത്ത് ഇന്റേണൽ കമ്മറ്റിയുടെ ചെയർപേഴ്സണായി സ്ത്രീക്കു പകരം പുരുഷനെ നിയമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഏറ്റവും സീനിയറായ വനിതാ ഉദ്യോഗസ്ഥയാണ് ഇന്റേണൽ കമ്മറ്റിയുടെ അധ്യക്ഷയാകേണ്ടതെന്നാണ് നിയമം. പരാതിക്കാരി തന്നെ സീനിയറായ ഉദ്യോഗസ്ഥയാണെങ്കിൽ അവരുടെയും ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥയാകണം കമ്മറ്റിയുടെ ചെയർപേഴ്സൺ ആകേണ്ടത്. എതിർ കക്ഷിക്കെതിരേ മൊഴി കൊടുക്കുന്നതിൽ വൈമുഖ്യം കാണിക്കുന്നതു മൂലം പരാതിക്കാരിയെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയും ചില സ്ഥലങ്ങളിൽ ഉണ്ട്. ഇന്റേണൽ കമ്മറ്റിയിൽ പരാതി നൽകി എന്നതിന്റെ പേരിൽ പരാതിക്കാരിക്കെതിരേ നടപടി സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും വനിതാ കമ്മിഷൻ അംഗം പറഞ്ഞു. വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഭിഭാഷകരായ സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി എന്നിവർ പങ്കെടുത്തു. ജില്ലാതല അദാലത്തിൽ ആകെ 13 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികൾ റിപ്പോർട്ടിനായി അയച്ചു. 80 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 95 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.