20 July, 2024 07:24:50 PM


എക്‌സലൻഷ്യ 2024: ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ച് മാന്നാനം കീംസ്



കോട്ടയം : അഖിലേന്ത്യാതല പരീക്ഷകളിൽ ഉന്നത റാങ്കുകളും എസ്.എസ്.എൽ.സി, പ്ലസ്ടു . ഐ.സി.എസ്‌.സി., ഐ.എസ്.സി. ബോർഡ് പരീക്ഷകളിൽ മികച്ച വിജയവും കരസ്ഥമാക്കിയ വിദ്യാർഥികളെ മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൻ്റെ (കീംസ്) മെരിറ്റ് ഡേ ചടങ്ങായ 'എക്സ്‌ലൻഷ്യ' യിൽ ആദരിച്ചു. വർണ്ണാഭമായ ചടങ്ങിൽ വിദ്യാർഥികൾക്ക് പ്രശസ്‌തിപത്രവും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

രാവിലെ വാദ്യമേളങ്ങളുടെയും സ്‌കൂൾ ബാൻഡിൻ്റെയും അകമ്പടിയോടെ സ്‌കൂളിലെ സെൻ്റ് ചാവറ ഓഡിറ്റോറിയത്തിൽ എക്സലൻഷ്യയ്ക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ കെ.ഇ. സ്കൂ‌ൾ കൈവരിക്കുന്ന നേട്ടങ്ങളെയും ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെയും അഭിനന്ദിച്ച മന്ത്രിമാർ വരും വർഷങ്ങളിൽ കൂടുതൽ വിജയങ്ങൾ കൈവരിക്കാൻ സ്‌കൂളിന് സാധിക്കട്ടെ എന്നും ആശംസിച്ചു.

കോട്ടയം എം.എൽ.എ  തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
2024-25 അദ്ധ്യയന വർഷത്തെ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾ പ്രശസ്‌ത നടി ഗ്രേസ് ആന്റണിയും ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കലാരംഗത്തുനിന്നുള്ള ഇരുവരുടെയും വാക്കുകൾ പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടെന്ന് വിദ്യാർഥികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു.

മാന്നാനം ആശ്രമാധിപൻ റവ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ., പാലാ ബ്രില്യന്റ് ഡയറക്ടർ  സ്റ്റീഫൻ ജോസഫ്, സ്‌കൂൾ പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ., കെ.ഇ. റെസിഡൻ്റ്സ് പ്രിഫെക്ട് റവ. ഫാ. ഷൈജു സേവ്യർ സി.എം.ഐ. എന്നിവർ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പാളുമാരായ ഷാജി ജോർജ്, റോയി മൈക്കിൾ, ഹെഡ്‌മാസ്റ്റർ കെ. ഡി. സെബാസ്‌റ്റ്യൻ, പി.ടി.എ പ്രസിഡൻ്റ് അഡ്വ. ജെയ്സൺ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളുടെ മാതാപിതാക്കളുടെ പ്രതിനിധിയായി ഡോ. ഷർമിൾ ഗോപാലും അഖിലേന്ത്യാ പരീക്ഷകളിലെ റാങ്കുജേതാക്കളായ ശ്രീനന്ദ് ഷർമിൾ, നെവിൻ സിബി, എസ്. ഹരികൃഷ്‌ണൻ എന്നിവരും സംസാരിച്ചു. ബോർഡ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് അവരുടെ വാക്കുകളും അനുഭവങ്ങളും ഒരുപാട് പ്രചോദനം നൽകുന്നവയായിരുന്നു.

അഖിലേന്ത്യാതലത്തിൽ നടത്തപ്പെടുന്ന നീറ്റ്, ജെ.ഇ.ഇ. മെയിൻ, അഡ്വാൻസ്‌ഡ്‌ പരീക്ഷകളിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളോടൊപ്പം ബോർഡ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ 350 ൽ പരം വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. വിജയാഘോഷം സ്കൂളിൻ്റെ അഭിമാന നിമിഷമായിരുന്നുവെന്ന് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് മുല്ലപ്പശ്ശേരി സി.എം.ഐ. അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K