08 July, 2024 01:03:36 PM
പ്രമുഖ ഡ്രമ്മറും ഡിജെ അവതാരകനുമായ ജിനോ കെ. ജോസ് അന്തരിച്ചു
കൊച്ചി: ജൂനിയര്‍ ശിവമണി എന്നറിയപ്പെടുന്ന പ്രശസ്ത ഡ്രമ്മര്‍ ജിനോ കെ ജോസ് അന്തരിച്ചു. 47 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സംഗീത മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. പ്രശസ്ത ഡ്രമ്മറായ ശിവമണി തന്നെയാണ് ജിനോയ്ക്ക് ജൂനിയര്‍ ശിവമണി എന്ന് പേര് നല്‍കിയത്. ശിവമണിക്കൊപ്പം നടത്തിയ പ്രകടനമാണ് ജിനോയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
അസാമാന്യ കൈവേഗതയോടെ ഡ്രം കൈകാര്യം ചെയ്തിരുന്ന ജിനോ, ഡിജെയായും ശോഭിച്ചിരുന്നു. ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്പോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നു. 33 വ്യത്യസ്ത സംഗീതോപകരണങ്ങള്‍ വേദിയില്‍ കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. വടക്കന്‍ പറവൂര്‍ കൂട്ടുകാട് കിഴക്കേ മാട്ടുമ്മല്‍ ജോസഫിന്റെ മകനാണ്.
ലോക്ഡൗണ്‍ കാലത്ത് കലാകാരന്മാര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും സഹായം നല്‍കിയിരുന്നു. കോവിഡ് കാലത്ത് ജിനോസ് കിച്ചന്‍ എന്ന പേരില്‍ കാറ്ററിങ് സര്‍വീസ് നടത്തിയിരുന്നു. കുറച്ചുകാലം ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബര്‍ഗര്‍ ഷോപ്പ് നടത്തിയെങ്കിലും സ്റ്റേജ് പരിപാടികളുടെ തിരക്ക് മൂലം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.