14 May, 2024 12:17:51 PM
മന്ത്രവാദത്തിനെതിരെ പോരാടിയ സാമൂഹിക പ്രവര്‍ത്തക ബിരുബാല രാഭ അന്തരിച്ചു
ഗുവാഹത്തി: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മന്ത്രവാദത്തിനുമെതിരെ പടപൊരുതിയ അസമിലെ സാമൂഹിക പ്രവര്‍ത്തകയും പത്മശ്രീ പുരസ്‌കാര ജേതാവുമായ ബിരുബാല രാഭ (75) അന്തരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദ ചികിത്സയിലായിരുന്നു.
അസമില്‍ ദുര്‍മന്ത്രവാദ നിരോധന നിയമം നടപ്പാക്കുന്നതില്‍ ബിരുബാല മുഖ്യ പങ്കുവഹിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്‍മകള്‍ക്കുമെതിരെ പോരാടാന്‍ 2012ല്‍ അവര്‍ മിഷന്‍ ബിരുബാല എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്‍കി. 2021ലാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.
1985ല്‍ മാനസിക അസ്വാസ്ഥ്യമുള്ള മൂത്തമകന്‍ ധര്‍മേശ്വരന് ടൈഫോയ്ഡ് പിടിപെടുകയും ഒരു മന്ത്രവാദിയുടെ അടുത്ത് ചികിത്സക്ക് കൊണ്ടു പോവുകയും ചെയ്തു. ഇതാണ് ബിരുബാലയുടെ ജീവത്തിലെ വഴിത്തിരിവാകുന്നത്. മകന്‍ ഉടന്‍ മരിക്കുമെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ മകന്‍ സുഖം പ്രാപിച്ചതോടെ സമൂഹത്തെ തളര്‍ത്തുന്ന ദുരാചാരങ്ങള്‍ക്കെതിരെ പോരാടാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ഇതിനെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി മിഷന്‍ ബിരുബാല എന്ന സംഘടനക്ക് തുടക്കമാകുന്നത്.
2005ല്‍ സ്വിസര്‍ലന്‍ഡിലെ ദി സ്വിസ് പീസ് എന്ന സംഘടന സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ബിരുബാലയെ നാമനിര്‍ദേശം ചെയ്തിരുന്നു. ഗുവാഹത്തി സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടേറ്റ് ലഭിച്ചിട്ടുണ്ട്. മൂന്ന് മക്കളുണ്ട്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, കേന്ദ്രമന്ത്രി സര്‍ബാന്ദ സോനോവാള്‍ തുടങ്ങിയവര്‍ ബിരുബാലയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
അസമിലെ ഗോള്‍പാറ ജില്ലയില്‍ മേഘാലയ അതിര്‍ത്തിക്കടുത്തുള്ള താകുര്‍വിള ഗ്രാമത്തില്‍ 1954ലാണ് രാഭ ജനിച്ചത്. ആറ് വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അതോടെ പഠനം അവസാനിക്കുകയും അമ്മയെ സഹായിക്കാനും നിര്‍ബന്ധിതയായി. മൂന്ന് കുട്ടികളുള്ള കര്‍ഷകനെ വിവാഹം കഴിക്കുമ്പോള്‍ രാഭയ്ക്ക് വയസ് പതിനഞ്ചായിരുന്നു.