14 May, 2024 10:08:28 AM


ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു



പാറ്റ്‌ന: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ബിഹാറിലെ ബിജെപിയുടെ മുഖമായിരുന്നു. ജെഡിയുമായി സഖ്യത്തിലെത്തി രൂപീകരിച്ച രണ്ട് സംസ്ഥാന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

രാജ്യസഭാ എംപിയായിരുന്ന സുശീല്‍ കുമാര്‍ മോദിയുടെ കാലാവധി ഈയടുത്താണ് അവസാനിച്ചത്. നിതീഷ് കുമാറുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നിതീഷ് ഇന്‍ഡ്യ മുന്നണി വിട്ട് എന്‍ഡിഎയിലേക്ക് എത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി മികച്ച പങ്ക് വഹിച്ചതായാണ് പറയപ്പെടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ താരപ്രചാരകനായും പ്രകടന പത്രിക കമ്മറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗബാധിതനായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉണ്ടാവില്ലെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു.

'കഴിഞ്ഞ ആറ് മാസമായി ഞാന്‍ ക്യാന്‍സറുമായി പോരാടുകയാണ്. ഇപ്പോള്‍, ഇതിനെക്കുറിച്ച് ആളുകളെ അറിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എനിക്ക് പ്രചാരണം നടത്താന്‍ കഴിയില്ല.ഞാന്‍ പ്രധാനമന്ത്രിയെ എല്ലാം അറിയിച്ചിട്ടുണ്ട്. രാജ്യത്തോടും ബിഹാറിനോടും പാര്‍ട്ടിയോടും എപ്പോഴും നന്ദിയും സമര്‍പ്പണവുമാണ്,' എന്നാണ് അന്ന് സുശീല്‍ കുമാര്‍ മോദി എക്‌സില്‍ കുറിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K