11 April, 2024 03:19:06 PM
സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു
ചെങ്ങന്നൂർ: സംവിധായകനും നിർമാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള(കെ ആർ ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. ചെങ്ങന്നൂരിലെ ലോഡ്ജിൽ വെച്ച് ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി. എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസൊരു മാന്ത്രിക കുതിരയായ് (എതിർപ്പുകൾ) ഈരേഴു പതിനാല് ലോകങ്ങളിൽ (സ്വർഗം) തുടങ്ങി ഉണ്ണി രചിച്ച ഗാനങ്ങളും ഹിറ്റായിരുന്നു.
കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു.സംസ്കാരം നാളെ ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.