30 March, 2024 09:38:51 AM


തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു



ചെന്നൈ: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.

നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഡാനിയൽ ബാലാജി, മലയാളം, തെലുങ്ക്, കന്ന‍ട സിനിമകളിലും പ്രത്യേക സാനിധ്യമായിട്ടുണ്ട്. കമൽ ഹാസന്റെ ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രമായ 'മരുതനായകത്തി'ൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്.

ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നടന്റെ വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിന് പ്രശംസകൾ നേടിയിട്ടുണ്ട്. 'ബ്ലാക്ക്' എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി ഡാനിയൽ ബാലാജി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ 'ഭഗവാൻ', മമ്മൂട്ടിയുടെ 'ഡാഡി കൂൾ' തുടങ്ങിയ ചിത്രങ്ങളിലും വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K