09 February, 2024 07:03:06 PM


ആരോഗ്യ-പശ്ചാത്തല മേഖലയ്ക്ക് ഊന്നൽ; വാഴൂർ ബ്ലോക്കിന് 30.05 കോടിയുടെ ബജറ്റ്



കോട്ടയം:  ആരോഗ്യ പശ്ചാത്തല അടിസ്ഥാന മേഖലയ്ക്ക് ഊന്നൽ നൽകി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക ബജറ്റ്. വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള ബജറ്റ് അവതരിപ്പിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു.30,05,03,802 രൂപ വരവും 29,80,59,009 രൂപ ചെലവും 24,44,799 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ഉൾപ്പെടെ രണ്ടു കോടി രൂപ ആരോഗ്യ മേഖലയിലും  835 കുടുംബങ്ങൾക്ക് ഭവനനിർമാണത്തിനായി ഒരു കോടി രൂപ ലൈഫ്  പദ്ധതിയിലും വകയിരുത്തി. ഉൽപ്പാദന മേഖലയിൽ 52 ലക്ഷം നീക്കിവച്ചു. പശ്ചാത്തല മേഖലയിൽ ഒരു കോടി രൂപ വകയിരുത്തി ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. 

വിവിധ ആശുപത്രികളിൽ മരുന്നു വാങ്ങുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തി. വാട്ടർ എ.ടി.എം. ഹാപ്പിനെസ് പാർക്കുകൾ, ഓപ്പൺ ജിംനേഷ്യവും തുടങ്ങിയ നൂതനപദ്ധതികൾ അടുത്ത സാമ്പത്തിക വർഷം നടപ്പാക്കും.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രഞ്ജിനി ബേബി, ശ്രീജിത്ത് വെളളാവൂർ, മിനി സേതുനാഥ്, ബി. രവീന്ദ്രൻ നായർ, ലതാ ഉണ്ണികൃഷ്ണൻ, വർഗീസ് ജോസഫ്, ശ്രീകല ഹരി, സെക്രട്ടറി പി.എൻ. സുജിത് എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K