03 February, 2024 05:01:37 PM


കോടികളുടെ വെട്ടിപ്പുമായി നെടുംകുന്നത്തെ മെറ്റൽ ക്രഷർ: പാറ ഉത്പന്നങ്ങൾ കടത്തുന്നത് പാസില്ലാതെ



കോട്ടയം: കോടികളുടെ വെട്ടിപ്പുമായി നെടുംകുന്നത്ത് റോയൽ ഗ്രാനൈറ്റ് എന്ന സ്ഥാപനം. വിജിലൻസിന്‍റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വളരെ ഗുരുതരവും വ്യാപകവുമായ ക്രമക്കേടുകള്‍. ഇന്ന് പുലർച്ചെ 5.45 ന് പരിശോധന തുടങ്ങിയ സമയത്ത് ഈ ക്രഷറിൽ നിന്നും മെറ്റിൽ, പാറ അനുബന്ധ ഉത്പന്നങ്ങളുമായി ഇറങ്ങിയ നാല് ലോറികളിൽ ഒന്നിന് പോലും മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ പാസില്ലായിരുന്നു. തുടർന്ന് ഓഫീസിലെ ബില്ലടിക്കുന്ന കമ്പ്യൂട്ടറും സിസിടിവിയും മറ്റും പരിശോധിച്ചതിൽ ഇന്നലെ മാത്രം 72 ലോറികൾ ലോഡുമായി പോയെങ്കിലും മൂന്ന് ലോറിക്ക് മാത്രമേ പാസ് ഉണ്ടായിരുന്നുള്ളുവെന്നും കണ്ടെത്തി.


70 ലോറികളിൽ ശരാശരി പത്ത് ടൺ പാറ അനുബന്ധ സാമഗ്രികള്‍ കടത്തുന്നത് പരിഗണിച്ചാല്‍ ഒരു ദിവസം മാത്രം മൂന്ന് ലക്ഷം രൂപയോളം റോയൽറ്റി ഇനത്തിൽ സർക്കാരിനെ വെട്ടിക്കുന്നതായി കണക്കാക്കാനാവുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ജനുവരി ഒന്ന് മുതൽ പരിശോധന നടന്ന ഇന്ന് വരെ  58 ലക്ഷം രൂപയാണ് ജിയോളജി വകുപ്പിന് ലഭിക്കേണ്ട റോയൽറ്റി ഇനത്തിൽ വെട്ടിച്ചിരിക്കുന്നതെന്നും കണ്ടെത്തി.



ലോഡ് ഇറങ്ങുമ്പോള്‍ ജിഎസ്ടി ബില്ലടിക്കും. എന്നാല്‍ റോയൽറ്റിയ്ക്കായി മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ പാസ് നല്‍കില്ല. ജിയോളജിയുടെ പാസ് നല്‍കിയാല്‍ മാത്രമേ സർക്കാരിലേക്ക് ഒരു മെട്രിക് ടണ്ണിന് 48 രൂപ വെച്ചുള്ള റോയൽറ്റി കിട്ടുകയുള്ളൂ. ഈ ഒരു മാസം 2728 വാഹനങ്ങൾക്ക് ജിഎസ്ടി ബില്ല് അടിച്ചിട്ടുണ്ട്. എന്നാല്‍ 220 വാഹനങ്ങൾക്ക് മാത്രമാണ് ജിയോളജിയുടെ പാസ് നല്‍കിയിരിക്കുന്നത്. മുന്‍ മാസങ്ങളിലെ കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ വെട്ടിച്ചെടുത്ത തുക കോടികള്‍ കവിയുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ കഴിഞ്ഞ 6 മാസത്തെ അനധികൃത ഇടപാടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്.




സംഭവത്തിന്‍റെ ഗൌരവം കണക്കിലെടുത്ത് കോട്ടയത്തുനിന്നും ജിയോളജിസ്റ്റിനെയും അസി.ജിയോളജിസ്റ്റിനെയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. ക്രഷറുകാർക്കും പാറമടക്കാർക്കും അനുവദിച്ചിട്ടുള്ള മൈനിങ് അളവിന് അനുസൃതമായി എത്ര പാസ് പോകുന്നുവെന്ന കൃത്യമായ ധാരണ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവേണ്ടതാണ്.  ജിയോളജിസ്റ്റിനെ കൊണ്ട് കണക്കുകൾ നോക്കിച്ചപ്പോൾ പരിധിയിൽ കൂടുതൽ ഉത്പന്നങ്ങൾ സ്റ്റോക് ചെയ്തിട്ടുള്ളതായും കണ്ടെത്തി. കഴിഞ്ഞ മാസം വെറും 220  പാസ് മാത്രമേ പോയിട്ടുള്ളൂ എന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധകുറവുകൊണ്ടോ മൗനാനുമതിയോടെ ക്രമകെടുകൾക്ക് കൂട്ട് നിന്നതുകൊണ്ടോ സംഭവിച്ചാതാകാമെന്നുമാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിഗമനം. 


ഒരു പാറമടയിൽ നിന്നും ഖനനം ചെയ്തു കൊണ്ട് വരുന്ന പാറയ്ക്കും അത്  വിവിധ ഉത്പന്നങ്ങളാക്കി വില്‍ക്കുമ്പോഴും പുറത്തേക്ക് കൊണ്ടപോകുമ്പോഴും എല്ലാം പാസ്സുപയോഗിക്കണം എന്നാണ് ചട്ടം. ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയുള്ള വെട്ടിപ്പുകള്‍ക്ക് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോ എന്നതും അന്വേഷണ വിധേയമാക്കിയേക്കും.


 .





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K