21 December, 2023 05:41:14 PM


പാറത്തോട് ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്കായി തൊഴിൽ പരിശീലന കേന്ദ്രം



കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്കായി ആരംഭിച്ച ത്രിവേണി തൊഴിൽ പരിശീലന കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാടനം ചെയ്തു. നാലാം വാർഡിൽ ചോറ്റിയിലാണ് എട്ടര ലക്ഷം രൂപ ചെലവഴിച്ച് 200 ചതുരശ്ര അടിയിൽ പുതിയ പരിശീലന കേന്ദ്രം നിർമിച്ചത്. സ്ത്രീ ശാക്തീകരണരംഗത്തുള്ള പഞ്ചായത്തിന്റെ പുതിയ ചുവടുവയ്പ്പാണ് വനിതാ പരിശീലന കേന്ദ്രമെന്ന് പ്രസിഡന്റ് പറഞ്ഞു. ആദ്യമായി വനിതകൾക്ക് യോഗ പരിശീലനമാണ് നൽകുക. തുടർന്ന് തയ്യൽ, തുണിസഞ്ചി നിർമാണം എന്നിവയിൽ സൗജന്യ പരിശീലനം നൽകും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ജിജി ഫിലിപ്പ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സോഫി ജോസഫ്, പഞ്ചായത്തംഗങ്ങളായ ഡയസ് കോക്കാട്ട്, സിന്ധു മോഹനൻ, കെ.കെ. ശശികുമാർ, ഷെർലി വർഗീസ്, കെ.പി. സുജീലൻ, ജോസിന അന്ന ജോസ്, പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ്, സി.ഡി.എസ് അംഗം സരിത സാബു, എ.ഡി.എസ് പ്രസിഡന്‍റ് മിഥു മനു, സെക്രട്ടറി പ്രീതി ജോമോൻ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K