16 December, 2023 07:03:45 PM
ജൗളി വ്യാപാര സ്ഥാപനത്തില്‍ മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
അയർക്കുന്നം : തിരുവഞ്ചൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ജൗളി മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാഞ്ഞാർ കാക്കുളം ഭാഗത്ത് പാലൊന്നിൽ വീട്ടിൽ കരുമാടി എന്ന് വിളിക്കുന്ന പ്രദീപ് കൃഷ്ണൻ (33) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പന്ത്രണ്ടാം തീയതി പുലർച്ചെയോടുകൂടി തിരുവഞ്ചൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ജൗളി മൊത്തവ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇരുമ്പ് കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15,000 ത്തോളം രൂപ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.ഐ മാരായ ലെബിമോൻ കെ.എസ്, സാജു റ്റി.ലൂക്കോസ്, സുരേഷ് എ.കെ, സി.പി.ഓ മാരായ സരുൺ, സെബാസ്റ്റ്യൻ, റെമിത്, മനോജ്, ജിജോ,അനൂപ് പി.എസ്, അനൂപ്.എ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രദീപ് കൃഷ്ണന് അയർക്കുന്നം,ഗാന്ധിനഗർ, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, പാലാ, കാഞ്ഞാർ, ഇടുക്കി, കുളമാവ് എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.