11 December, 2023 07:29:12 PM
പൊൻകുന്നത്ത് നാളെ ഗതാഗത ക്രമീകരണം: ശബരിമല തീർഥാടകർ ഉൾപ്പെടെ വഴിതിരിഞ്ഞു പോണം
കോട്ടയം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേരള സദസിനോടനുബന്ധിച്ച് നാളെ (ഡിസംബർ 12) വൈകിട്ട് 3.30ന് പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്രമീകരണം ഏർപ്പെടുത്തും.
കോട്ടയം ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ എന്നിവ 19-ാം മൈൽ എത്തി വലത്തേക്ക് തിരിഞ്ഞ് ചെന്നക്കുന്ന് -പ്ലാവോലികവല - ചിറക്കടവ് അമ്പലം ജംഗ്ഷൻ- വെട്ടോർ പുരയിടം -മൂന്നാം മൈൽ റോഡ് വഴി വന്ന് മണ്ണംപ്ലാവ് എത്തി കാഞ്ഞിരപ്പള്ളി /എരുമേലി ഭാഗത്തേക്ക് പോകണം. പാലാ ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ എന്നിവ അട്ടിക്കവല - മാന്തറ റോഡുവഴി വന്ന് കെ. വി.എം.എസ് -തമ്പലക്കാട് റോഡിലെത്തി അവിടെ നിന്നും കോട്ടയം -കുമളി റോഡിൽ കയറി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുക. ഈ റോഡിലൂടെ വരുന്ന വലിയ വാഹനങ്ങൾ പൊൻകുന്നം ടൗണിൽ എത്തി മണിമല റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകണം. എരുമേലി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ, അയ്യപ്പഭക്ത വാഹനങ്ങൾ മണ്ണംപ്ലാവിൽ നിന്നും മൂന്നാം മൈൽ എത്തി കാഞ്ഞിരപ്പള്ളി- മണിമല റോഡിലൂടെ കൊടുങ്ങൂർ ഭാഗത്തേക്ക് പോകണം. എരുമേലി ഭാഗത്ത് നിന്നും പാലാ ഭാഗത്തേക്ക് കെ. വി.എം.എസ് റോഡുവഴി വരുന്ന സ്വകാര്യ വാഹനങ്ങൾ,അയ്യപ്പഭക്ത വാഹനങ്ങൾ മണ്ണംപ്ലാവിൽ നിന്നും കാഞ്ഞിരപ്പള്ളി റോഡുവഴി കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ നിന്നും തമ്പലക്കാട് റോഡുവഴി പാലാ ഭാഗത്തേക്ക് പോകണം. കൂടാതെ വി.ഐ.പികൾ പോകുന്ന സമയം പൊൻകുന്നം ഭാഗത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പൊൻകുന്നം -മണിമല റോഡിലൂടെ ചിറക്കടവ് എത്തി മണ്ണുംപ്ലാവ് വഴി പോകേണ്ടതാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മുണ്ടക്കയത്ത് നിന്നും പുറപ്പെട്ട് പൊൻകുന്നത്തെ വേദിയിൽ എത്തുന്ന സമയവും പരിപാടിയിൽ പങ്കെടുത്ത് പാലായിലേക്ക് പുറപ്പെടുന്ന സമയത്തും മാത്രമേ മുകളിൽ കൊടുത്തിരിക്കുന്ന നിയന്ത്രണം ഉണ്ടായിരിക്കുകയുള്ളു. പാലായിലേക്ക് വാഹനം പോയ ശേഷം നിയന്ത്രണം പിൻവലിക്കും.