09 December, 2023 06:48:13 PM
അയൽവാസികൾ തമ്മില്‍ സംഘർഷം: മണിമലയില്‍ എട്ട് പേര്‍ അറസ്റ്റില്‍
മണിമല : അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വെള്ളാവൂർ പൊട്ടുകുളം ഭാഗത്ത് രാമറ്റം വട്ടക്കാവിൽ വീട്ടിൽ ബിജുമോൻ (40), ഇയാളുടെ പിതാവായ ജോസ് വി.എം (61), പൊട്ടുകുളം ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ രാജീവ് എം.റ്റി (39), ഇയാളുടെ സഹോദരൻ സജീവ് എം.റ്റി (29), പൊട്ടുകുളം ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ഗോപാലൻ (60), ഇയാളുടെ മകനായ ആദർശ് ഗോപാലൻ (27), വെള്ളാവൂർ പൊട്ടുകുളം ഭാഗത്ത്, ചെളിക്കുഴിയിൽ വീട്ടിൽ മഹേഷ്. റ്റി (54), ഇയാളുടെ മകനായ ഷാൻ (26) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
മഹേഷും, അയൽവാസികളായ ബിജുമോനും മറ്റും തമ്മിൽ പരസ്പരം മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഏഴാം തീയതി രാത്രി 9.30 മണിയോടുകൂടി വെള്ളാവൂർ മേപ്രാൽ പടി ഭാഗത്ത് വെച്ച്, മഹേഷും ഇയാളുടെ മകൻ ഷാനും ബൈക്കിൽ എത്തിയ സമയം, ബിജുമോനും മറ്റും കാണുകയും, തുടർന്ന് ഇവർ പരസ്പരം വാക്കുതർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് സംഘർഷത്തിലാവുകയുമായിരുന്നു. സംഘർഷത്തിൽ ചുറ്റിക,കല്ല്,ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ഇരുകൂട്ടരും ആക്രമിച്ചു.
സംഭവത്തെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇരു കൂട്ടരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയകുമാർ വി.കെ, എസ്.ഐ മാരായ സന്തോഷ് കുമാർ, വിജയകുമാർ, സുനിൽ.പി.പി, ബിജോയ്, എ.എസ്.ഐ ഷീബ, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, സജു പി മാത്യു, ബിജേഷ് ബി.കെ, ഹരീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുകൂട്ടരെയും റിമാൻഡ് ചെയ്തു.