29 November, 2023 06:35:40 PM
യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; എരുമേലിയില്‍ രണ്ടുപേർ അറസ്റ്റിൽ
എരുമേലി: പെട്രോൾ പമ്പിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വിലങ്ങുപാറ വീട്ടിൽ മുഹമ്മദ് ഫഹദ് (21), എരുമേലി ഉറുമ്പി പാലം ഭാഗത്ത് കുരിശുംമൂട്ടിൽ വീട്ടിൽ ആൽബിൻ കെ.അരുൺ (21) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഇവർ ഇരുവരും ചേർന്ന് രാത്രി 7:45 മണിയോടുകൂടി എരുമേലി ഫോറസ്റ്റ് സ്റ്റേഷൻ സമീപമുള്ള ഭാരത് പെട്രോളിയം പമ്പിൽ വച്ച് ജീവനക്കാരനായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇന്നലെ പമ്പിൽ എത്തിയ ഇവർ ഇരുവരും അവിടെയുണ്ടായിരുന്ന ജീവനക്കാരന്റെ സുഹൃത്തുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട് ബഹളം വച്ചതിനെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ ഇരുവരും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയുമായിരുന്നു. യുവാവിന്റെ സുഹൃത്തിനെയും പമ്പിലെ മറ്റു ജീവനക്കാരനെയും ഇവർ മർദ്ദിച്ചു.
പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ മാരായ ശാന്തി.കെ.ബാബു, രാധാകൃഷ്ണൻ, സി.പി.ഓ മാരായ ചാക്കോ പൗലോസ്, സിജു കുട്ടപ്പൻ, ബോബി സുധീഷ്, രാജൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫഹദിന് എരുമേലി സ്റ്റേഷനിലും, ആൽബിന് മുണ്ടക്കയം സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്തു.