05 October, 2023 06:00:25 PM


മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു



തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. ആറ്റിങ്ങൽ മുൻ എംഎൽഎ ആയിരുന്നു.


1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി, അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.


1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിന്‍റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ സി. മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.


ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലായിരുന്നു അന്ത്യം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K