26 August, 2016 10:35:51 AM
വാട്ട്സ് ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങളും ഫേസ്ബുക്കിന് നല്‍കും
ന്യൂയോര്‍ക്ക്: വാട്ട്സ് ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാന്‍ തയാറായെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കില്ലെന്നും ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യമായി വെക്കുമെന്നും വാട്ട്സ് ആപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നയം മാറ്റത്തോടെ ഫേസ്ബുക്കിന് വാട്ട്സ് ആപ്പ് ഉപഭോക്താവിന്‍റെ ഫോണ്‍ നമ്പര്‍ അറിയാനാകും. ഇതുവഴി ഈ രണ്ടുസേവനങ്ങളുടെ ഉപയോഗപ്പെടുത്തുന്ന വ്യക്തിയുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് പിന്തുടരാനാകും.
2014 ലാണ് സാമൂഹിക മാധ്യമമായ വാട്ട്സ് ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തത്. ലോകത്ത് വാട്ട്സ് ആപ്പിന് 100 കോടി ഉപഭോക്താക്കളാണ് ഉള്ളത്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബഹുമാനിക്കുമെന്നത് കമ്പനിയുടെ ഡി.എന്‍.എ നിയമത്തിലൂടെ ഉറപ്പു നല്‍കുന്നതാണെന്ന് വാട്ട്സ് ആപ്പ് ഏറ്റെടുക്കുമ്പോള്‍ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു.
വ്യക്തിയുടെ സ്വകാര്യ ആശയവിനിമയങ്ങളുടെ മൂല്യങ്ങളില്‍ വിശ്വസിക്കുകയും ഉപഭോക്താക്കള്‍ക്ക് ഏറ്റവും വേഗത്തില്‍, ലളിതവും വിശ്വസനീയവുമായ ആശയവിനിമയ അനുഭവം നല്‍കുകയുമാണ് ചെയ്യുന്നതെന്ന് വാട്ട്സ് ആപ്പ് അറിയിച്ചു.