15 January, 2019 07:30:27 PM
സൗര പദ്ധതി : പുരപ്പുറസോളാറിന് അപേക്ഷിക്കാന്‍ 16 ദിനം കൂടി; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 48534 പേര്‍
കോട്ടയം: സംസ്ഥാനസര്‍ക്കാരിന്‍റെ സൗരപദ്ധതിപ്രകാരം വീടുകളുടെ മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിക്കുന്നതിന് റജിസ്റ്റര്‍ ചെയ്യുവാനായി അവശേഷിക്കുന്നത് ഇനി 16 ദിവസം കൂടി. പാരമ്പര്യേതര ഊര്‍ജ്ജ നയ പ്രകാരം സൗരോര്‍ജ്ജ വൈദ്യുതിയുടെ സ്ഥാപിത ശേഷി നിലവിലുള്ള 110 മെഗാവാട്ടില്‍ നിന്ന് 1000 മെഗാവാട്ട് ആയി ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് സൗര പദ്ധതി. ഇതില്‍ 500 മെഗാവാട്ട് ഭവനങ്ങളുടെ മേല്‍ ഘടിപ്പിക്കുന്ന പാനലുകളിലൂടെ സംഭരിക്കാനാണ് ലക്ഷ്യം. ഇതിന് ഉപഭോക്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 31 ആണ്. ചൊവ്വാഴ്ച വൈകിട്ട് 7.30 വരെ 48534 പേര്‍ ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു.
മൂന്ന് സ്‌കീമുകളായാണ് വീടുകളുടെ മുകളില്‍ പാനല്‍ ഘടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താവിന്റെ മേല്‍ക്കൂരയിലോ, നല്‍കുന്ന സ്ഥലത്തോ കെ. എസ്.ഇ. ബി യും അനര്‍ട്ടും ചേര്‍ന്ന് സോളാര്‍പ്ലാന്റ് സൌജന്യമായ് നിര്‍മ്മിച്ചു നല്‍കും. ഇതില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ പത്ത് ശതമാനം ഉപഭോക്താവിന് വൈദ്യുതിയായോ പണമായോ നല്‍കുന്നതാണ് ഒരു സ്‌കീം. പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വൈദ്യുതിയും ഒരു നിശ്ചിത നിരക്കില്‍ 25 വര്‍ഷം ഉപഭോക്താവിന് നല്‍കുന്നതാണ് രണ്ടാമത്തെ സ്‌കീം.
മൂന്നാമത്തെ സ്‌കീമില്‍ ഉപഭോക്താവിന്റെ മുതല്‍ മുടക്കില്‍, മേല്‍ക്കൂരയില്‍ കെ.എസ്.ഇ.ബി യും അനര്‍ട്ടും ചേര്‍ന്ന് സോളാര്‍പ്ലാന്റ് നിര്‍മ്മിച്ചു നല്‍കുന്നു. ഉപഭോക്താവിന്റെ ആവശ്യത്തിനു ശേഷം മിച്ചം വരുന്ന വൈദ്യുതി നിശ്ചിത തുകയ്ക്ക് കെ.എസ്.ഇ.ബി വാങ്ങും. ഉപഭോക്താവിന് താല്‍പര്യമെങ്കില്‍ പാനലുകളുടെ പരിപാലനം കെ.എസ്.ഇ ബി ഏറ്റെടുക്കും. 2021 ല്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ പാനലുകള്‍ ഘടിപ്പിക്കുവാനുള്ള ജോലികള്‍ കരാര്‍ നല്‍കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആയി വരുന്നു. വരുന്ന ഏപ്രില്‍ മുതല്‍ പാനലുകള്‍ ഘടിപ്പിച്ചുതുടങ്ങാനാണ് നീക്കം. അതിനു മുന്നോടിയായി അപേക്ഷ നല്‍കുന്ന ഓരോ ഉപഭോക്താവിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് പഠനം നടത്തും.
ഗാര്‍ഹികകെട്ടിടങ്ങളുടെ മുകളില്‍ ഘടിപ്പിക്കുന്നതിനു പുറമെ ഡാമുകളിലും മറ്റും ഒഴുകി നടക്കുന്ന രീതിയിലുള്ള പാനലുകളും പദ്ധതിയുടെ ഭാഗമാണ്. ഇതിനുപുറമെയാണ് ഹൈവേ, കനാല്‍ അധിഷ്ടിതം, സ്‌കൂള്‍ - സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര, സൗരോര്‍ജ്ജപാര്‍ക്കുകള്‍, സ്വതന്ത്രവൈദ്യുതി തുടങ്ങിയ പദ്ധതികളിലൂടെ സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കുന്നത്. ഒരു കിലോവാട്ട് ശേഷിയുള്ള പുരപ്പുറസോളാര്‍ സ്ഥാപിക്കാന്‍ ഏകദേശം ഏകദേശം 45,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഗാര്‍ഹിക കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 30 ശതാനം സബ്‌സിഡി ബാധകമാണ്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം നല്‍കുന്ന ഈ സബ്‌സിഡി പരിമിതമായതിനാല്‍ ആദ്യം വരുന്നവരെയായിരിക്കും സബ്‌സിഡിയ്ക്കായി പരിഗണിക്കുക.