08 April, 2016 01:42:05 AM
ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളില്‍ മാരകമായ ട്രോജൻ വൈറസുകള്‍
മുംബൈ : ഗൂഗിൾ പ്ലേ സ്റ്റോറില്‍ മാരകമായ ട്രോജൻ വൈറസുകള്‍ കടന്നുകൂടിയതായി റിപ്പോര്‍ട്ട്. 104 ആൻഡ്രോയിഡ് ആപ്പുകളിൽ ട്രോജൻ വൈറസുകളുള്ളതായി റഷ്യയുടെ സുരക്ഷാ ഗവേഷകരാണ് കണ്ടെത്തിയത്. 3.2 മില്ല്യൺ ആളുകൾ ഇതുവരെ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി.
സ്മാർട്ട് ഫോണുകളിലെ സ്വകാര്യവിവരങ്ങൾ ചോർത്താനും പരസ്യങ്ങള്‍ പ്രദർശിപ്പിക്കാനും ശേഷിയുള്ള അപകടകാരിയാണത്രേ ഈ ട്രോജൻ വൈറസ്. സ്മാർട്ട്ഫോണിലുള്ള സ്വകാര്യവിവരങ്ങൾ ശേഖരിച്ച് ഹാക്കർമാരുടെ സെർവറിലേക്ക് അയയ്ക്കുകയും ചെയ്യും. വൈറസ് ബാധിച്ച ആപ്പ് ഡൗൺലോഡ് ചെയ്താൽ ആപ്പ് ഉദ്ദേശിച്ച രീതിയിൽ ഫോണിൽ പ്രവർത്തിക്കില്ല.
ആൻഡ്രോയിഡ്.സ്പൈ.277 (Android.Spy.277) എന്ന മാൽവെയറാണ് കണ്ടെത്തിയത്. ഗെയിമുകൾ, ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള ആപ്പുകൾ, വിഡിയോ പ്ലേയർ തുടങ്ങിയ ആപ്പുകളിലാണ് ഈ വൈറസ് കൂടുതലായി ഉള്ളത്. ഫോണിന്റെ ഐഎംഇഐ കോഡ്, യൂസറുടെ വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യവിവരങ്ങളെല്ലാം തന്നെ ഹാക്കർമാർ കൈക്കലാക്കും. വൈറസ് ബാധിച്ച ആപ്പുകൾ ഓരോ പ്രാവശ്യവും തുറക്കുമ്പോൾ വിവരങ്ങളെല്ലാം ഹാക്കർമാരുടെ പക്കലെത്തുമെന്നാണ് വിവരം. വൈറസ് ബാധയുടെ വിവരങ്ങൾ റഷ്യ ഗൂഗിളിനെ ധരിപ്പിച്ചിട്ടുണ്ട്.