08 September, 2019 02:24:36 PM
ചന്ദ്രയാന്‍-2 ദൗത്യം 95% വിജയമെന്ന് ഐ.എസ്.ആര്‍.ഒ; ഓര്‍ബിറ്ററിന് ഏഴ് വര്‍ഷം വരെ കാലാവധി
ബംഗളുരു: ഇന്ത്യയുടെ ചന്ദ്രയാൻ രണ്ട് ദൗത്യം 90 മുതൽ 95 ശതമാനംവരെ വിജയംകണ്ടെന്ന് ഐ.എസ്.ആർ.ഒ. ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും വിജയ മാനദണ്ഡം നിർവചിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ 90 മുതൽ 95 ശതമാനം വരെ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു. നിലവിൽ ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രനെ കുറിച്ചുള്ള പഠനത്തിന് ഇതിന്റെ സംഭാവന തുടരുമെന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കി.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാൻ-2ന് പൂർണ ലക്ഷ്യം കാണാനായിരുന്നില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെയെത്തി പ്രതീക്ഷ പകർന്ന വിക്രം ലാൻഡർ, മുൻനിശ്ചയിച്ച പാതയിൽനിന്ന് തെന്നിമാറിയിരുന്നു. ഇതു സംബന്ധിച്ചാണ് ഇപ്പോൾ ഐ.എസ്.ആർ.ഒയുടെ വിശദീകരണം വന്നിരിക്കുന്നത്.
ഇതുവരെയുള്ള ചന്ദ്രദൗത്യത്തിൽ ഘടിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന റെസലൂഷൻ കാമറയാണ് ഓർബിറ്ററിലുള്ളത്. ഇത് ഏറ്റവും മികവാർന്ന ചിത്രങ്ങൾ ലഭ്യമാക്കും. അത് ആഗോള ശാസ്ത്ര സമൂഹത്തിന് വളരെയധികം ഉപയോഗപ്രദമാകും. മുൻപ് പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി ഓർബിറ്ററിന് ഒരു വർഷത്തിന് പകരം ഏഴ് വർഷം കാലാവധി ലഭിക്കും. കൃത്യമായ വിക്ഷേപണവും ദൗത്യമാനേജ്മെന്റുമാണ് ഇത് ഉറപ്പാക്കിയതെന്നും ഐഎസ്.ആർ.ഒ അറിയിച്ചു.