20 July, 2023 04:20:26 PM
ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക്
പുതുപ്പളളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയിലേക്ക് നീങ്ങുന്നു. ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു.
പുതുപ്പള്ളിയിലെ വീട്ടില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് ഏഴരയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും.
ജനസാഗരങ്ങളുടെ ഒഴുക്ക് മൂലം മൂന്ന് മണിക്കൂര്‍ നേരമാണ് തിരുനക്കര മൈതാനിയിലെ പൊതുദർശനം നീണ്ടത്. കോട്ടയത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് 7 കിലോമീറ്റർ ദൂരമാണുള്ളത്. യാത്രയിലുടനീളം ആളുകൾ കാണാനെത്തുന്നത് സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കും.നിലവിൽ നാലരയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
എന്നാൽ വഴിയരികിൽ നിർത്തേണ്ടി വന്നാൽ ഇനിയും സമയം വൈകും. അതേസമയം, വീട്ടിൽ വെച്ച് സംസ്ക്കാര ശുശ്രുഷകൾ നടക്കും.പിന്നീട് പണി പൂർത്തിയാവാത്ത വീട്ടിലും പൊതുദർശനത്തിന് വെക്കും. അതിന് ശേഷം സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലേക്ക് കൊണ്ടുപോവും.