18 July, 2023 01:10:08 PM
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ബുധനാഴ്ച കോട്ടയത്തെത്തിക്കും; തിരുനക്കരയിലും പൊതുദര്‍ശനം
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് കോട്ടയത്ത് എത്തിക്കും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹം ആദ്യം എത്തുന്നത് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിനു മുമ്പിലാണ്. ഇവിടെ ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആദരാഞ്ജലിക്കുശേഷം തിരുനക്കര മൈതാനത്തു പൊതുദര്‍ശനത്തിനു വയ്ക്കും. തിരുനക്കരയിലെ പൊതുദര്‍ശനം പൂര്‍ത്തിയായശേഷം പുലര്‍ച്ചെയോടെ മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലേക്കു കൊണ്ടുപോകും.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ശുശ്രൂഷകളില്‍ കാതോലിക്ക ബാവ ഉള്‍പ്പെടെയുള്ള ബിഷപ്പുമാര്‍ പങ്കെടുക്കും. ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ സംസ്കാര ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.