28 June, 2023 12:35:14 PM


കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി; യുവതി അത്ഭുതകരമായി രക്ഷപെട്ടു



കോട്ടയം : എം.സി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. കെ.എസ്.ആർ.ടി.സി സ്കാനിയ ബസും രണ്ട് സ്കൂട്ടറും കാറുമാണ് കൂട്ടിയിടിച്ചത്. കാരിത്താസ് ആശുപത്രിയിലെ നഴ്സ് ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി ഇടശേരി പറമ്പിൽ ധന്യ തോമസ് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.

മണിപുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിൽ മുന്നിലായിരുന്നു രാവിലെ 8 മണിയോടെ അപകടമുണ്ടായത്. അപകടത്തോടെ റോഡിൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സ്കാനിയ ബസ് എതിർ ദിശയിൽ എത്തിയ സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാറിലും ഇടിക്കുകയായിരുന്നു.

എന്നാൽ ഈ സമയം ധന്യയുടെ സ്കൂട്ടറിൽ ബസ് തട്ടുകയും ചെയ്തു. ഇതിനിടയിൽ പെട്ട ധന്യ  അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ സമയം ഇതുവഴി എത്തിയ മറ്റൊരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽപ്പെട്ടു. 
യാത്രക്കാർ ചേർന്നാണ് പരിക്കേറ്റ യുവതിയെ രക്ഷിച്ചത്. ആഢംബര കാറിൻ്റെ ഡ്രൈവർ ഡോർവശം തകർന്നു. ടയറുകളും ഇളകി തെറിച്ചു.

പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്കാനിയ ബസ് ആണ് അപകടത്തിനിടയാക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K