26 May, 2023 03:41:52 PM


പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിനെതിരെയുള്ള ഹർജി തള്ളി



ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇത്തരം ഹർജികൾ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, പി.എസ്.നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്.

സുപ്രീംകോടതി അഭിഭാഷകൻ സി.ആർ.ജയ സുകിൻ ആണ് ഹർജി നൽകിയത്. രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിലൂടെ ലോക്സഭ സെക്രട്ടേറിയേറ്റ് നിയമ ലംഘനം നടത്തിയെന്നും മന്ദിരത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നിർവഹിപ്പിക്കണമെന്നുള്ള ഹർജിക്കാരന്‍റെ വാദം കോടതി അംഗീകരിച്ചില്ല. എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് അറിയാമെന്നും ഇത്തരം ഹർജികൾ പ്രോത്സാഹിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മേയ് 28 നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം. ചടങ്ങിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. ഇവർ ചടങ്ങ് ബഹിഷ്ക്കരിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. പാർലമെന്‍റിന്‍റെ അവിഭാജ്യ ഘടകമായ രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്ര പതിയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K