22 May, 2023 03:56:55 PM


തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു



ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു ശരത് ബാബുവിന്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

വിവിധ തെന്നിന്ത്യൻ ഭാഷകളില്‍ 220ഓളം സിനിമകളില്‍ ശരത് ബാബു പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. 1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം 'രാമ രാജ്യ'ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 'അമേരിക്ക അമ്മായി', 'സീതകൊക ചിലക', 'ഓ ഭാര്യ കഥ', 'നീരഞ്‍ജനം' തുടങ്ങിയവയില്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ അവതരിപ്പിച്ചു. ശരത് ബാബുവിന്‍റെ ചിത്രമായി ഏറ്റവും ഒടുവില്‍ 'വസന്ത മുല്ലൈ'യാണ് പ്രദര്‍ശനത്തിന് എത്തിയത്.


തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായ ശരത് ബാബു മലയാളത്തിലും നിരവധി മികച്ച വേഷങ്ങള്‍ ചെയ്‍തിട്ടു. 'ശരപഞ്‍ജരം', 'ധന്യ', 'ഡെയ്‍സി', 'ഫോര്‍ ഫസ്റ്റ് നൈറ്റ്‍സ്', 'ശബരിമലയില്‍ തങ്ക സൂര്യോദയം', 'കന്യാകുമാരിയില്‍ ഒരു കവിത', 'പൂനിലാമഴ', 'പ്രശ്‍ന പരിഹാര ശാല' എന്നീ മലയാള ചിത്രങ്ങളിലാണ് ശരത് ബാബു അഭിനയിച്ചു. 'നന്ദു' എന്ന ചിത്രത്തില്‍ സുരേഷിനായി ഡബ് ചെയ്‍തിട്ടുമുണ്ട് അദ്ദേഹം. ദൂരദര്‍ശനില്‍ ഉള്‍പ്പെടെ ഒട്ടേറെ ടിവി പ്രോഗ്രാമുകളുടെയും ഭാഗമായി ശരത്. മൂന്ന് തവണ മികച്ച സഹ നടനുള്ള നന്ദി പുരസ്‍കാരം നേടിയിട്ടുണ്ട്. തമിഴ് നാട് സര്‍ക്കാരിന്‍റെ മികച്ച പുരുഷ ക്യാരക്ടര്‍ ആര്‍ടിസ്റ്റിനുള്ള പുരസ്‍കാരവും ശരത്തിനെ തേടിയെത്തി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K