10 May, 2023 11:38:07 AM
തീരാനോവായി കുത്തേറ്റ് മരിച്ച വനിതാ ഡോക്ടറുടെ വീടിന് മുന്‍പിലെ ബോര്‍ഡ്
കോട്ടയം: തീരാനോവായി കൊട്ടാരക്കരയില്‍ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുവന്ന യുവാവിന്‍റെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോര്‍ഡ്. കോട്ടയം മോഹന്‍ ദാസിന്‍റെ ഏകമകളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
കടുത്തുരുത്തിയിലെ മുട്ടുച്ചിറയിലെ പട്ടാളം മുക്കിലാണ് യുവ ഡോക്ടറുടെ വീട്. ഇവിടേക്ക് എത്തുന്നവരുടെ ശ്രദ്ധയില്‍ ആദ്യം വരിക ഗേറ്റിലെ വന്ദനയുടെ പേരിലുള്ള ബോര്‍ഡാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുന്ന മകള്‍ക്കായി ചെയ്ത നെയിം ബോര്‍ഡ് വിവരമറിഞ്ഞ് ഇവിടേക്ക് എത്തുന്നവരില്‍ വലിയ വേദനയാണ് നല്‍കുന്നത്.
പൂയപ്പള്ളി സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് യുവ ഡോക്ടറെ ആക്രമിച്ചത്. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് വന്ദനയ്ക്ക് ഏറ്റത്. സര്‍ജിക്കല്‍ ഉപകരണം വച്ചുള്ള ആക്രമണമാണ് യുവ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ചത്. പൊലീസിനൊപ്പം എത്തിയ പ്രതി ആദ്യം ശാന്തനായിരുന്നെങ്കിലും പിന്നീട് പ്രകോപിതനാകുകയായിരുന്നു. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. വീട്ടിൽ പ്രശ്നമുണ്ടാക്കിയ ശേഷമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൈ വിലങ്ങ് പോലുമില്ലാതെയാണ് സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.