20 March, 2023 02:03:28 PM


മാർ ജോസഫ് പൗവത്തിലിന്‍റെ മൃതസംസ്കാര ക്രമീകരണങ്ങൾ ഇപ്രകാരം



കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പൗവത്തിലിന്‍റെ മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ചൊവ്വ രാവിലെ 7ന് അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടത്തും. തുടർന്ന് 9.30ന് വിലാപയാത്ര ആരംഭിക്കും.


പൗവത്തിലിന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചൊവ്വ രാവിലെ 9ന് അതിരൂപത ഭവനത്തിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജങ്ഷൻ വഴി മാർക്കറ്റ് ചുറ്റി 10.30ന് മെത്രാപ്പോലിത്തൻ പള്ളിയിൽ എത്തിച്ചേരും. 1969ൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്‍റെ മൃതശരീരവുമായുള്ള നഗരി കാണിക്കലിനുശേഷം 54 വർഷങ്ങൾ കഴിഞ്ഞ് ചങ്ങനാശേരി നഗരം സാക്ഷ്യം വഹിക്കുന്ന അതിരൂപതാദ്ധ്യക്ഷന്‍റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള ഈ വിലാപയാത്രയിൽ അതിരൂപതയിലെ 250 ഇടവകകളിൽ നിന്നും വൈദികർ, സന്യസ്തർ, കൈക്കാരൻമാർ, സംഘടനാപ്രതിനിധികൾ, ഇടവകജനങ്ങൾ എന്നിവർ സ്വർണക്കുരിശുകൾ, വെള്ളിക്കുരിശുകൾ, മുത്തുക്കുടകൾ എന്നിവ വഹിച്ചുകൊണ്ട് പങ്കെടുക്കും. പൊതുദർശനത്തിന് ചൊവ്വ രാവിലെ 11 മുതൽ ബുധൻ രാവിലെ 9വരെ മെത്രാപ്പോലീത്തൻ പള്ളിയിൽ അവസരമുണ്ടായിരിക്കും. തിങ്കളാഴ്ച ചെത്തിപ്പുഴ ആശുപത്രിയിൽ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതല്ല.


അന്തിമ ഉപചാരം അർപ്പിക്കുന്നവർ പൂക്കൾ, ബൊക്ക എന്നിവ പൂർണമായും ഒഴിവാക്കണം. ആവശ്യമെങ്കിൽ വെള്ളക്കച്ച സമർപ്പിക്കാവുന്നതാണ്. ബുധൻ രാവിലെ 9.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാംഭാഗം മെത്രാപ്പോലീത്തൻ പള്ളിയിൽ ആരംഭിക്കും. തുടർന്ന് വി.കുർബാന, നഗരികാണിക്കൽ, സമാപനശുശ്രൂഷ, സംസ്കാരം എന്നിവ നടക്കും. ശുശ്രൂഷകൾക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും മറ്റു മെത്രാപോലീത്തമാരും മെത്രാൻമാരും സഹകാർമികരായിരിക്കും. അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഇന്ന് അനുസ്മരണവും പ്രാർഥനയും നടത്തും. അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും മൃതസംസ്കാര ദിനമായ ബുധനാഴ്ച അവധിയായിരിക്കും. അന്നേ ദിവസം പരീക്ഷകൾ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം തുറന്നു പ്രവർത്തിക്കും. മാർച്ച് 24 വെള്ളി വരെയുള്ള 7 ദിവസങ്ങൾ അതിരൂപതയിൽ ദു:ഖാചരണമായിരിക്കും. ഏഴാം ചരമദിനമായ വെള്ളിയാഴ്ച രാവിലെ 9.30ന് മെത്രാപ്പോലിത്തൻ പള്ളിയിൽ വി.കുർബാനയും അനുസ്മരണ സമ്മേളനവും നടക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K