01 March, 2023 10:19:43 PM
50000 മുടക്കി ചുറ്റുവിളക്ക് നേര്‍ന്ന ഭക്തന് വിളക്ക് കത്തിക്കാനായില്ലെന്ന് പരാതി
ഏറ്റുമാനൂര്‍: 50000 രൂപ മുടക്കില്‍ ചുറ്റുവിളക്ക് വഴിപാട് നേര്‍ന്ന ഭക്തന് വിളക്ക് കത്തിക്കാനായില്ലെന്ന് പരാതി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഒമ്പതാം ഉത്സവദിവസമായ ഇന്ന് വൈകിട്ടാണ് സംഭവം. ഏറ്റുമാനൂര്‍ വടക്കേനട മുളയ്ക്കല്‍ ഷാജി എം.എം ആണ് പരാതിക്കാരന്‍. പള്ളിവേട്ടദിനമായ ഇന്ന് വൈകിട്ട് ചുറ്റുവിളക്കും മേളവും ചേര്‍ത്ത് 50000 രൂപയാണ് ഷാജിയോട് ദേവസ്വം അധികൃതര്‍ വഴിപാടുതുകയായി പറഞ്ഞിരുന്നത്.
ഇതനുസരിച്ച് വൈകിട്ട് ആറ് മണിക്ക് കുടുംബവുമായി എത്തിയ ഷാജിയ്ക്ക് ഒരു തിരി പോലും കത്തിക്കാനായില്ല എന്നാണ് പരാതി. വിളക്ക് തെളിക്കാന്‍ മറ്റാര്‍ക്കോ അവസരം നല്‍കുകയായിരുന്നുവെന്നും ഷാജി ദേവസ്വം കമ്മീഷണര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി ഒമ്പതാം ഉത്സവദിവസം ചുറ്റുവിളക്ക് വഴിപാട് ഷാജിയുടെ വകയാണ്. അടുത്ത വര്‍ഷവും ബുക്ക് ചെയ്തിട്ടുണ്ട്. തനിക്കും കുടുംബത്തിനും ഉണ്ടായ അപമാനത്തിന് കാരണക്കാരായ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് ഷാജിയുടെ ആവശ്യം.