13 January, 2023 01:00:22 PM


കുറവിലങ്ങാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്ക്



കുറവിലങ്ങാട്: കോട്ടയത്ത് എം.സി റോഡിൽ കുറവിലങ്ങാട് കോഴയിൽ  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നാല് കാര്‍ യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമാനൂര്‍ മാലിയേപ്പടി ഭാഗത്ത് താമസിക്കുന്ന സുധയാണ് മരിച്ചത്. പരിക്കേറ്റവരെ കുറവിലങ്ങാട്ടെയും തെള്ളകത്തെയും സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

അപകടത്തിൽ  3 സ്ത്രീകൾ അടക്കം 12 യാത്രക്കാർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. 3 പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരിൽ 4 പേരെ കോട്ടയം കാരിത്താസ് ആശുപത്രിയിലും 8 പേരെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിച്ചു. 


ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാര്‍ യാത്രികര്‍ തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. എം.സി റോഡിൽ കുറവിലങ്ങാട് നിന്നും കുത്താട്ടുകുളം  ഭാഗത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസും എതിർ ദിശയിൽ നിന്നെത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറും മരിച്ച സുധയും അടക്കമുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും 4 പേരെ കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പക്ഷെ സുധയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K