05 January, 2023 06:54:11 PM


കൂത്താട്ടുകുളം സ്വദേശി കരിക്കുവ്യാപാരിയുടെ മൃതദേഹം കോട്ടയത്ത്‌ മീനച്ചിലാറ്റിൽ



കോട്ടയം: കോട്ടയത്ത് മീനച്ചിലാറ്റിൽ ഒഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ സ്വദേശി പ്രകാശൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. എം സി റോഡിൽ കുമാരനല്ലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം കരിക്കും, പച്ചക്കറികളും വില്പന നടത്തിവരുകയായിരുന്നു പ്രകാശൻ.

നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് തന്നെ  വാടകക്ക് താമസിച്ചാണ് വ്യാപാരം നടത്തിയിരുന്നത്. ഒറ്റക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി പ്രകാശനെ ആറ്റുതീരത്ത് ഇരുന്ന് വിശ്രമിക്കുന്നത് കണ്ടവരുണ്ട്. ഇതിനാൽ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്ന നിഗമനമുണ്ട്. പോലീസ് സ്ഥലത്തെത്തി ഫയർഫോഴ്സ് അധികൃതരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K