02 January, 2023 08:21:47 PM


മലപ്പുറം മന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മെഡിക്കല്‍ കോളേജ് നേഴ്സ് മരിച്ചു



കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സ് മരിച്ചു. തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാക്കത്ത് വിനോദ്കുമാറിന്‍റെ ഭാര്യ മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സിംഗ് ഓഫിസർ രശ്മി രാജ് (32) ആണ് മരിച്ചത്. കോട്ടയം തിരുവാർപ്പ് പാലത്തറ രാജു - അംബിക ദമ്പതികളുടെ മകളാണ്. 


കഴിഞ്ഞ 29 ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് രശ്മി കഴിച്ചത്. മെഡിക്കൽ കോളജ് നേഴ്സിംഗ് ഹോസ്റ്റലിലാണ് താമസം. ഭക്ഷണം കഴിച്ച് രാത്രി ആയപ്പോൾ ഛർദ്ദിലും വളറിക്കവും ഉണ്ടായി. തുടർന്ന് സഹപ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ച വെന്‍റിലേറ്ററിലേയ്ക്ക് മാറ്റിയിരുന്നു.


അതിനിടെ ഇന്ന് ഡയാലിസിസിന് വിധേയയാക്കിയെങ്കിലും രാത്രി 7ന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ട്. ഇത്രയും പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിൽ ഹോട്ടലിന്‍റെ ലൈസൻസ് സസ്പെന്‍റ് ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K