15 December, 2022 02:03:46 PM
തിരുവഞ്ചൂരില്‍ ജീപ്പ് പോസ്റ്റിടിച്ച് തകര്‍ത്തു; ബൈക്ക് യാത്രികന്‍ കമ്പികള്‍ക്കിടയില്‍ കുരുങ്ങി
കോട്ടയം: ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപ്പാസ് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. തിരുവഞ്ചൂര്‍ ജംഗ്ഷനും നീലകണ്ഠപടിയ്ക്കും ഇടയില്‍ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ച് വൈദ്യുതിപോസ്റ്റ് തകര്‍ന്നു. പൊട്ടി വീണ വൈദ്യുതി കമ്പികള്‍ക്കിടയില്‍ കുരുങ്ങിയ ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു.
വൈദ്യുതി പ്രവഹിച്ചിരുന്ന കമ്പികള്‍ക്കിടയില്‍ കുരുങ്ങിയ ബൈക്ക് യാത്രികനെ പുറത്തെടുത്തത് ആ സമയം അതുവഴിയെത്തിയ കെസ്ഈബി ജീവനക്കാരന്‍റെ സമയോചിതമായ ഇടപെടലിലൂടെ. ഇയാള്‍ ഓടിചെന്ന് ഫീസ് ഊരിയതിനെതുടര്‍ന്നാണ് ബൈക്ക് യാത്രികനെ പുറത്തെടുത്തത്. മണര്‍കാട് ഭാഗത്തുനിന്നും എത്തിയ ജീപ്പിന് പിന്നിലായിരുന്നു ബൈക്ക്. ജീപ്പിടിച്ച് പോസ്റ്റ് തകര്‍ന്നയുടന്‍ പൊട്ടിയ കമ്പികള്‍ ബൈക്ക് യാത്രികന്‍റെ മേലേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് അപകടമുണ്ടായിരുന്നു. അന്ന് കാര്‍ ഇടിച്ച് രണ്ട് വൈദ്യുതിപോസ്റ്റുകളും മതിലും തകര്‍ന്നിരുന്നു. ഇതിനു തൊട്ടടുത്ത പോസ്റ്റാണ് ഇന്ന് തകര്‍ന്നതെന്ന് നാട്ടുകാര്‍ പറയുന്നു.