09 December, 2022 02:29:58 PM


എം.ഡി.എം.എയുമായി കോട്ടയം മുട്ടമ്പലം സ്വദേശി യുവാവ് പിടിയിൽ



കോട്ടയം:  വീര്യം കൂടിയ ലഹരി മരുന്നായ എംഡി എം എയുമായി കോട്ടയത്ത് യുവാവിനെ എക്സൈസ് സംഘം പിടികൂടി.  മുട്ടമ്പലം ഗണേശകൃപ വീട്ടിൽ സനിൻ സന്തോഷ്‌ (21 ) ആണ് കോട്ടയം ‌റേഞ്ച്‌ എക്സൈസ്‌ ഇൻസ്പെക്ടർ പി വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള എക്സൈസ്‌ സംഘം കാരാപ്പുഴ ഭാഗത്ത്‌ നിന്നും പിടികൂടിയത്.

കുറഞ്ഞ അളവിലുള്ള ഉപയോഗം പോലും കടുത്ത ശാരീരിക,മാനസിക പ്രശ്നങ്ങളിലേക്ക്‌ നയിക്കുന്ന  മാരക രാസലഹരി വസ്തുവാണ് എം ഡി എം എ. സനിൻ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് കുറച്ച്‌ ദിവസങ്ങളായി എക്സൈസ്‌ സംഘം നിരീക്ഷിച്ച്‌ വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണു സനിന്‍റെ പക്കൽനിന്ന് ലഹരിമരുന്ന് പിടികൂടിയത്‌.

എക്സൈസ്‌ ഇൻസ്പെക്ടറോടൊപ്പം പ്രിവന്റീവ്‌ ഓഫീസർ ഡി. മനോജ്കുമാർ, ഗ്രേഡ്‌ പി ഓ കണ്ണൻ, സിവിൽ എക്സൈസ്‌ ഓഫീസർമാരായ വിപിൻ പി രാജേന്ദ്രൻ, ശ്യാംകുമാർ, മനു ചെറിയാൻ, രതീഷ്‌ കെ നാണു,വനിത ഓഫീസർ സോണിയ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്‌.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K