05 July, 2022 05:21:48 PM
കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിലേത് - മന്ത്രി സജി ചെറിയാൻ
പത്തനംതിട്ട: രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിച്ചു മന്ത്രി സജി ചെറിയാൻ. കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാരൻ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാരൻ എഴുതിയെടുത്തതാണ് ഇന്ത്യൻ ഭരണഘടനയെന്നും അദ്ദേഹം പരിഹസിച്ചു. മല്ലപ്പള്ളിയിൽ സിപിഎമ്മിന്റെ പരിപാടിയിലായിരുന്നു ഭരണഘടനയെ പച്ഛിച്ചു മന്ത്രി സംസാരിച്ചത്.
മന്ത്രിയുടെ വാക്കുകൾ: മനോഹര ഭരണഘടനയാണ് ഇന്ത്യയിലുള്ളതെന്നാണ് പറച്ചിൽ. എന്നാൽ, ഞാൻ പറയും, ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞത് ഇന്ത്യക്കാരൻ എഴുതിവച്ചു. അത് ഈ രാജ്യത്തു കഴിഞ്ഞ 75 വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏത് ആളു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല, ഏറ്റവും കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്.
മുക്കിലുംമൂലയിലും കുറച്ചു ഗുണങ്ങൾ, മതേതരത്വം ജനാധിപത്യം കുന്തംകൊടചക്രമൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടന. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഭരണഘടനയാണ് ഇന്ത്യയിലേതെന്നും മന്ത്രി പറഞ്ഞു.