27 June, 2022 10:37:06 AM
എല്‍ഡിഎഫ് മിനിമം രണ്ടു പതിറ്റാണ്ടെങ്കിലും അധികാരത്തില്‍ ഉണ്ടാവും - മന്ത്രി വീണ ജോര്‍ജ്
അടൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ മിനിമം രണ്ടു പതിറ്റാണ്ടെങ്കിലും അധികാരത്തിലുണ്ടാവുമെന്ന് മന്ത്രി വീണ ജോര്‍ജ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിയ കരിങ്കൊടി രണ്ട് പതിറ്റാണ്ട് കൊണ്ടുനടക്കേണ്ടി വരുമെന്ന് വീണ ജോര്‍ജ് പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ കൊടിമാറ്റി കരിങ്കൊടി ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ദുഃഖമായിട്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. അടുത്തിടെയെങ്ങും കോണ്‍ഗ്രസിന് കിരങ്കൊടി താഴ്‌ത്തേണ്ടി വരില്ലെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വീണ ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട എസ്എഫ്ഐ വയനാട് ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് അവിഷിത് കെ ആര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന ആരോപണത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടില്‍നിന്ന് മന്ത്രി അടൂരിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ ഉള്‍പ്പെടെയുള്ള നാലുപ്രവര്‍ത്തകരെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു.