24 June, 2022 03:28:04 PM
കേസിൽ സഹായിക്കാമെന്ന് പറഞ്ഞ് സരിത നായർ വിളിച്ചെന്ന് ബാലഭാസ്കറിന്റെ പിതാവ്
തിരുവനന്തപുരം: മകന്റെ മരണവുമായി ബന്ധപ്പെട്ട് സരിത എസ്. നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ വിളിച്ചെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി. കേസ് തോറ്റുപോകുമെന്ന് അവർ പറഞ്ഞു. ജൂൺ 30 ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നാണ് അവർ പറഞ്ഞത്. എങ്ങനെ കേസ് തോല്‍ക്കുമെന്ന് താന്‍ ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നും അവര്‍ പറഞ്ഞതായി ഉണ്ണി വെളിപ്പെടുത്തി.
സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപ്പീലില്‍ ഇടപെടാമെന്ന് അവര്‍ പറഞ്ഞു. മുമ്പ് വിളിച്ചിട്ട് വക്കീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ടിരുന്നുവെന്നും ഉണ്ണി പറഞ്ഞു. കേസില്‍ സഹായിക്കാമെന്ന രീതിയിലാണ് സംസാരിച്ചത്. ജഡ്ജി എഴുതിവച്ചിരിക്കുന്ന വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നതിൽ തനിക്ക് സംശയമുണ്ടെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
ബാലഭാസ്കറിന്റേത് അപകട മരണമാണ് എന്നതായിരുന്നു സിബിഐ കണ്ടെത്തല്‍. സിബിഐ കോടതി ഇത് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബാലഭാസ്കറിന്റെ പിതാവ് അപ്പീല്‍ നല്‍കിയിരുന്നു. ഇതിന്റെ വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്. ബാലഭാസ്കറിന്റെ പിതാവിനെ വിളിച്ച സരിത താന്‍ തന്നെയാണെന്നു സോളാര്‍ കേസില്‍ പ്രതി സരിത എസ്.നായര്‍ വെളിപ്പെടുത്തിയിരുന്നു.