18 June, 2022 06:23:38 PM
സ്വപ്നയുടെ 164 മൊഴിയിൽ തുടർ നടപടിയുമായി ഇഡി; ബുധനാഴ്ച ഓഫീസിൽ ഹാജരാകാൻ നോട്ടീസ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്‍റെ 164 മൊഴിയിൽ തുടർനടപടിയുമായി എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ്. മൊഴിയെടുക്കലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് നോട്ടീസ് നൽകി. വരുന്ന ബുധനാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കഴിഞ്ഞ ദിവസം സ്വപ്നയുടെ രഹസ്യമൊഴി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയിരുന്നു.
22ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ചോദ്യം ചെയ്യലിനു ഹാജരാകുമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍, രഹസ്യ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് അന്വേഷിക്കുന്നത്. ജോയിന്റ് ഡയറക്ടര്‍ മനീഷ് ഗൊദാരയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. നേരത്തെ ഇതേ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്‍. സ്വപ്‌നയുടെ രഹസ്യമൊഴി സംഘം വിശദമായി പരിശോധിക്കും. അന്വേഷണത്തില്‍ അനാവശ്യ തിടുക്കം വേണ്ടെന്ന് ഏജന്‍സിക്ക് നിര്‍ദേശം കിട്ടിയിരുന്നു.