16 June, 2022 04:13:38 PM
ഷാർജ സുൽത്താന്‍ ഡി ലിറ്റ് നൽകാൻ ഇടപെട്ടിട്ടില്ല; സ്വപ്നയുടെത് നട്ടാൽ കുരുക്കാത്ത നുണ - കെ.ടി. ജലീൽ
മലപ്പുറം: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. കുറച്ചു ദിവസമായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണെന്ന് ജലീൽ പറഞ്ഞു. മാധവ വാര്യരുമായി സൗഹൃദം മാത്രമാണ്. ബിസിനസ് ബന്ധമില്ല. എച്ച്ആർഡിഎസുമായി മാധവ വാര്യർക്ക് ചില തർക്കങ്ങളുണ്ട്. എച്ച്ആർഡിഎസിനെതിരെ മാധവ വാര്യർ മുംബൈ കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ സുൽത്താന്‍ ഡി ലിറ്റ് നൽകാൻ ഇടപെട്ടിട്ടില്ലെന്നും ജലീൽ പറഞ്ഞു. ഡി ലിറ്റ് നൽകാൻ തീരുമാനിക്കുമ്പോൾ താൻ മന്ത്രിയല്ല. മുഖ്യമന്ത്രിക്കെതിരെ പറയുന്നത് നട്ടാൽ കുരുക്കാത്ത നുണയാണ്. വ്യക്തിപരമായ ആവശ്യങ്ങൾ ഒരിക്കലും പറയാത്ത ആളാണ് പിണറായി. ഷാർജ സുൽത്താൻ കേരളത്തിൽ വന്നു പോകുംവരെ താനും ഒപ്പമുണ്ടായിരുന്നുവെന്നും ജലീൽ കൂട്ടിച്ചേർത്തു.
കെ.ടി. ജലീലിന്റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവൻ വാര്യരെന്നായിരുന്നു സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം. സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുർആൻ കൊണ്ടുവന്നുവെന്നും സ്വപ്ന ആരോപിച്ചിരുന്നു.