19 September, 2021 03:06:19 PM
നർകോട്ടിക് ജിഹാദ്: ഇടപെട്ടത് പൊട്ടിത്തെറിയുണ്ടാകുമെന്ന് കണ്ട് - കെ. സുധാകരൻ
കോഴിക്കോട്: നർകോട്ടിക് ജിഹാദ് വിഷയത്തിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് കണ്ടതുകൊണ്ടാണ് കോൺഗ്രസ് ഇടപെട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. അനുനയനീക്കങ്ങളുടെ ഭാഗമായി മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്നും കെ.സുധാകരനും വി.ഡി. സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന് പറഞ്ഞു. വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. നിരുത്തരവാദപരമായാണ് മന്ത്രി വി.എൻ. വാസവന് പ്രതികരിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തയാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്ന പരിഹാരത്തിന് ഇടപെടും. മതനേതാക്കളുടെ സംയുക്ത യോഗം കെപിസിസി വിളിക്കും.
വിഷയത്തിൽ നിലപാടില്ലായ്മയാണ് സർക്കാരിന്റെ നിലപാട്. സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണ്. പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന് പറഞ്ഞു. നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ അനുരഞ്ജന ശ്രമം തുടരുകയാണ്. കെ.സുധാകരനും വി.ഡി.സതീശനും സമസ്ത നേതാക്കളെ കണ്ടിരുന്നു. ഇന്നു വൈകുന്നേരം നാലിന് കാന്തപുരം അബൂബക്കർ മുസലിയാരെയും കാണും.