31 May, 2021 12:08:57 PM
നടിയുടെ നഗ്നചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണി: മുൻ മന്ത്രിക്കെതിരെ കേസ്
ചെന്നൈ: നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ മുൻ മന്ത്രിക്കെതിരെ പൊലീസ് കേസെടുത്തു. മുൻ മന്ത്രിയും അണ്ണാ ഡിഎംകെ നേതാവും ആയ എം.മണികണ്ഠനെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്. നടി നൽകിയ പരാതിയിൽ മുൻ മന്ത്രിക്കെതിരെ അഞ്ച് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. ചെന്നൈ കമ്മിഷണർ ശങ്കർ ജിവാലിന്റെ നിർദേശപ്രകാരമാണു നടപടി. തനിക്കൊപ്പം മന്ത്രി അഞ്ച് വർഷത്തോളം താമസിച്ചെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തിയെന്നുമാണ് നടി നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹ ആവശ്യത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്നും നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും മണികണ്ഠൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഭീഷണി സന്ദേശങ്ങളുടെ പകർപ്പും, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നടി തെളിവായിഹാജരാക്കിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ പരാതി നൽകിയ നടിയെ അറിയില്ലെന്നും പണം തട്ടാനുള്ള ആസൂത്രിത ശ്രമമാണെന്നും മണികണ്ഠൻ ആരോപിച്ചു.