17 December, 2020 11:06:28 AM
വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുനേരെ രാത്രിയില്‍ ആക്രമണം
കണ്ണൂർ: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനുനേരെ ആക്രമണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബുധനാഴ്ച രാത്രി ഒന്‍പതോടെയാണ് കണ്ണൂർ തളിപ്പറന്പിൽ സുരേഷിനു നേർക്ക് ആക്രമണമുണ്ടായത്.
തളിപ്പറന്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ വയൽക്കിളി പ്രവർത്തകയും സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയുമായ ലത സുരേഷ് മത്സരിച്ചിരുന്നു. വാർഡിൽ എൽഡിഎഫ് വിജയം നേടിയതിനുപിന്നാലെ നടന്ന ആഘോഷപ്രകടനത്തിനിടെയാണു തന്നെ മർദിച്ചതെന്നു സുരേഷ് കീഴാറ്റൂർ പറഞ്ഞു.
മർദനത്തിൽ പരിക്കേറ്റ സുരേഷിനെ തളിപ്പറന്പിലെ ലൂർദ് മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് സിപിഎം പ്രവർത്തകരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.