27 October, 2020 07:03:37 AM
മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊന്നു; നാല് കുരുന്നുകള്‍ അനാഥരായി
കൽപ്പറ്റ: വയനാട് വടുവഞ്ചാലിൽ മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചതോടെ നാല് കുരുന്നുകള്‍ തനിച്ചായി. വടുവഞ്ചാൽ വട്ടത്തുവയൽ അറുപത്കൊല്ലി പണിയ കോളനിയിലെ സീനയാണ് ഭർത്താവ് വിജയിന്റെ അടിയേറ്റ് മരിച്ചത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനമാണ് ഈ കുരുന്നുകളെ തനിച്ചാക്കിയത്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബം. സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു വിജയ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കം സീനയുടെ കൊലപാതകത്തില്‍ കലാശിച്ചു.
വാക്കേറ്റത്തിനിടെ വിജയ് ഭാര്യയെ മർദിച്ചു. സീനയുടെ തല വീടിന്റെ ചുമരിൽ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പോകും വഴി സീന മരിച്ചു. അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി വിജയിയെ കസ്റ്റഡിയിലെടുത്തു. ഇരട്ടകുട്ടികളടക്കം നാല് പെൺകുഞ്ഞുങ്ങളാണ് ഈ ദമ്പതികൾക്കുള്ളത്. കുട്ടികളുടെ സംരക്ഷണ ചുമതല ചൈൽഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.