10 October, 2020 03:19:58 PM
ഒറ്റുകാരൻ എന്നാരോപിച്ച് ലഹരി മാഫിയാ സംഘം യുവാവിന്റെ കൈ തല്ലിയൊടിച്ചു
തിരുവനന്തപുരം: ഒറ്റുകാരൻ എന്നാരോപിച്ച് യുവാവിനെ ലഹരി സംഘം മർദ്ദിച്ച് അവശനാക്കി. മർദനത്തിൽ യുവാവിന്റെ കൈയൊടിഞ്ഞു. നെയ്യാർ ഡാം സ്റ്റേഷൻ പരിധിയിൽ തട്ടാംമുക്കിലാണ് സംഭവം. തട്ടംമുക്ക് മുളംകുഴി വീട്ടിൽ റോബിൻ (38) നെയാണ് സ്ഥലത്തെ കഞ്ചാവ് മാഫിയ സംഘം ഒറ്റുകാരൻ എന്നാരോപിച്ച് മർദിച്ചത്. സംഭവം കണ്ടുപിടിച്ചു മാറ്റാൻ ശ്രമിച്ച സഹോദരൻ സജിയേയും സംഘം ചേർന്ന് മർദിച്ചു.
നേരത്തെ തങ്ങൾക്ക് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണിയുണ്ടെന്നു കാട്ടി റോബിൻ നെയ്യാർഡാം പോലീസിനെ സമീപിച്ചിരുന്നു. പിന്നീട് പരാതി എഴുതി നൽകി കേസ് രജിസ്റ്റർ ചെയ്യാൻ ഇരിക്കെയാണ് ആക്രമണമുണ്ടായത്. റോബിൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാർ ഡാം പോലീസ് അന്വേഷണം ആരംഭിച്ചു. മായം, തട്ടാംമുക്ക്, കണ്ടംതിട്ട, പന്ത എന്നിവിടങ്ങളിൽ ലഹരി മാഫിയ സംഘങ്ങൾ വലിയ തോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.