04 September, 2020 07:48:02 AM
മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ വയോധികന്‍ മരിച്ചു; മകന്‍ അറസ്റ്റില്‍
കോട്ടയം: മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കറുകച്ചാല്‍ ശാന്തിപുരം റൈട്ടന്‍കുന്ന് ചക്കുങ്കല്‍ ജോണ്‍ തോമസ് ( കൊച്ചുട്ടി -65 ) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജോസി ജോണിനെ ( 37 ) കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.
റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോണ്‍ . ഇരുവൃക്കകളും തകരാറിലായതോടെ മൂന്ന് വര്‍ഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ 11 നായിരുന്നു മകന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായത്. കട്ടിലില്‍ നിന്ന് വലിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നു.
മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മയെയും ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം. തോമസിന്റെ ആറ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്