29 July, 2020 08:46:47 AM
കോട്ടയം സ്വദേശിനി നഴ്സ് യുഎസിൽ കുത്തേറ്റു മരിച്ചു; ഭർത്താവ് അറസ്റ്റിൽ
ഫ്ലോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. കോട്ടയം സ്വദേശി മെറിൻ ജോയി (29) ആണ് മരിച്ചത്. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായ മെറിൻ ജോലി കഴിഞ്ഞു മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തിൽ വെളിയനാട് സ്വദേശി ഭർത്താവ് ഫിലിപ്പ് മാത്യുവിനെ(നെവിൻ) പോലീസ് അറസ്റ്റ് ചെയ്തു.
കാറിലെത്തിയ നെവിൻ മെറിനെ 17 തവണ കുത്തിയ ശേഷം വാഹനം കയറ്റിയിറക്കിയെന്നാണ് റിപ്പോർട്ട്. തുടർന്നു കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. മെറിനെ ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദമ്പതികൾ രണ്ടു വർഷമായി അകന്ന് കഴിയുകയായിരുന്നു.
മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന് ഇന്നലെ കോറല്‍ സ്പ്രിംഗ്സിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഹോട്ടൽ മുറിയിലെത്തിയ നെവിൻ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. നെവിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍ വെച്ച് ദമ്പതികൾ വഴക്കുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നു നെവിൻ തനിയെ അമേരിക്കയിലേക്ക് മടങ്ങി. മകൾ നോറയെ(രണ്ടു വയസ്) മാതാപിതാക്കളെ ഏല്പിച്ചു മെറിനും യുഎസിലെത്തി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.