18 June, 2020 01:54:55 PM
കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനശ്രമം: പെണ്‍കുട്ടി തീകൊളുത്തി മരിച്ചു
ചെന്നൈ: കുളിമുറി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നു തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വെല്ലൂർ തുത്തിപ്പെട്ട് സ്വദേശിയായ പെണ്‍കുട്ടി വെല്ലൂർ സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിൽ ആരുമില്ലാത്ത സമയത്താണു 15 വയസുകാരി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിലാണു പെണ്‍കുട്ടി വീഡിയോ പകർത്തിയ വിവരം വെളിപ്പെടുത്തിയത്.
വീടിനോടുചേർന്നുള്ള, മുകൾഭാഗം ശരിയായി മറച്ചിട്ടില്ലാത്ത കുളിമുറിയിൽ പെണ്‍കുട്ടി കുളിക്കുന്നതാണു യുവാക്കൾ ചേർന്നു ചിത്രീകരിച്ചത്. പിന്നീടു സമൂഹമാധ്യമങ്ങൾവഴി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്നാണു മൊഴി. ഇതോടെയാണു പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തിൽ, പ്രായപൂർത്തിയാകാത്തയാളുൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ഗ്രാമത്തിൽത്തന്നെ താമസിക്കുന്ന ആകാശ്, ഗണപതി എന്നിവരും പതിനേഴുകാരനുമാണ് പിടിയിലായത്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.