02 June, 2020 11:28:02 AM
ഉത്രവധം: സൂരജിന്റെ പിതാവിനു പിന്നാലെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിൽ
അടൂർ: ഉത്രവധക്കേസില്‍ ഭർത്താവ് സൂരജിന്റെ അമ്മയും സഹോദരിയും പോലിസ് കസ്റ്റഡിയിൽ. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.. സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൂരജിന്റെ പറക്കോടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്.
സുരജും സുഹൃത്ത് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവിൽ വീടിനു സമീപത്തെ റബർ തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു. കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഈ മൊഴിയെത്തുടർന്നാണ് ഇന്നു പോലീസ് ഇയാളെ ചോദ്യം ചെയ്തത്. തുടർന്നു സ്വർണം കുഴിച്ചിട്ടിരുന്ന സ്ഥലം സുരേന്ദ്രൻ കാണിച്ചുകൊടുക്കുകയായിരുന്നു.