01 June, 2020 10:24:02 PM


കോട്ടയത്ത് വീട്ടമ്മ മരിച്ചനിലയിൽ; വെട്ടേറ്റ ഭർത്താവ് ഗുരുതരാവസ്ഥയിൽ



കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. വെട്ടേറ്റ് പരിക്കേറ്റ ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ(60)യാണ് കൊല്ലപ്പെട്ടത്.  പരുക്കേറ്റ ഭർത്താവ് അബ്ദുൽ സാലി (65)യെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ടിട്ടുണ്ട്. 


ഷീബയുടെ ശരീരത്തില്‍ വയര്‍ കെട്ടിവച്ച നിലയിലാണ്. ഭര്‍ത്താവിന് ബോധമില്ല. ഭർത്താവിനെ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മോഷണത്തിനിടെ നടന്ന ആക്രമണമാണെന്നാണ് വിലയിരുത്തൽ. ഇരുവരുടെയും കൈ കാലുകള്‍ കെട്ടിയ നിലയിലായിരുന്നു. ഇവരുടെ കാര്‍ കാണാതായിട്ടുണ്ട്. അതുകൊണ്ടുതന്നെ മോഷണ ശ്രമത്തിനിടയിലാണ് കൊലപാതകമെന്നാണ് സംശയം.



ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഇത്  പുറത്തറിയുന്നത്. വീട്ടില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന അംഗങ്ങളാണ് രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്.


രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ഇരുവരുടെയും കൈകളിൽ കെട്ടിയിരുന്ന  ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി കടത്തി വിടുന്നതിനുള്ള ക്രമീകരണവും മോഷ്ടാക്കൾ ഒരുക്കിയിരുന്നു. ഈ ദമ്പതികളുടെ മകള്‍ വിദേശത്താണ്. സാലി നേരത്തെ നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.ജെ അരുണ്‍ , എസ്.ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K