31 May, 2020 11:01:50 AM
മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു: മകൻ കസ്റ്റഡിയിൽ; സംഭവം ചങ്ങനാശേരി തൃക്കൊടിത്താനത്ത്
ചങ്ങനാശേരി: തൃക്കൊടിത്താനം അമരയിൽ മകന്റെ വെട്ടേറ്റ് അമ്മ അമര കന്യാക്കോണിൽ കുഞ്ഞന്നാമ്മ (55) മരിച്ചു.
ശനിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജിതിൻബാബു (27) നെ കസ്റ്റഡിയിലെടുത്തതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു. മകൻ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞന്നാമ്മ കൊല്ലപ്പെട്ട വിവരം നാട്ടുകാർ അറിഞ്ഞത് ജിതിൻ ബാബുവിന്റെ ഫോൺവിളിയിൽനിന്നാണ്.
കൊലപാതകത്തെ തുടർന്ന് ജിതിൻ ബാബു അയൽ പക്കത്തെ വീട്ടിൽ ഫോണിൽ വിളിച്ച് വീട്ടിൽ വന്നാൽ ഒരു സംഭവം കാണാം എന്ന് അറിയിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി പത്തരയോടെയാണ് ജിതിൻ അമ്മയെ കൊലപ്പെടുത്തിയത്. അമ്മയുമായി വഴക്കുണ്ടാക്കിയ ശേഷമാണ് കൊല നടത്തിയത്. മദ്യപിക്കാനായി ജിതിൻ അമ്മയുടെ കൈയ്യിൽ നിന്ന് നിരന്തരം പണം വാങ്ങിയിരുന്നെന്നും ഇതിനെ തുടർന്നുണ്ടായ തർക്കമായിരിക്കാം കൊലയിലേക്ക് നയിച്ചതെന്നതുമാണ് പ്രാഥമിക നിഗമനം.