05 April, 2020 02:45:09 PM
പ്രണയനൈരാശ്യം: യുവതിയുടെ വീട്ടിലെത്തി തീകൊളുത്തി; യുവാവും യുവതിയുടെ അമ്മയും പൊള്ളലേറ്റു മരിച്ചു
കൊല്ലം: വിവാഹാഭ്യര്‍ഥനയ്‌ക്ക് അനുകൂല പ്രതികരണമുണ്ടാകാതിരുന്നതോടെ ബന്ധുവായ യുവതിയുടെ വീടിനു തീകൊളുത്തിയ യുവാവും യുവതിയുടെ അമ്മയും പൊള്ളലേറ്റു മരിച്ചു. തമിഴ്‌നാട് അംബാസമുദ്രം സ്വദേശി ശെല്‍വമണി, കൊല്ലം കാവനാട് മുക്കാട് കോണ്‍വെന്റിനു സമീപം റൂബി നിവാസില്‍ രാജന്റെ ഭാര്യ ഗേട്ടി (കൊച്ചുമോളി-57) എന്നിവരാണു മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.
ഗേട്ടിയുടെ രണ്ടാമത്തെ മകള്‍ സൗദി അറേബ്യയിലാണു ജോലി ചെയ്യുന്നത്. രണ്ടു മക്കളുണ്ട്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അവരെ വിവാഹം ചെയ്‌തുതരണമെന്ന് ശെല്‍വമണി നിരന്തരം ആവശ്യപ്പെട്ടിരുന്നതായി ഗേട്ടിയുടെ മൂത്തമകള്‍ പറയുന്നു. ഇവരുടെ ദാമ്പത്യപ്രശ്‌നം പരിഹരിക്കാന്‍ നേരത്തേ ശെല്‍വമണിയും ഭാര്യയും ഇടപെട്ടിരുന്നു. എന്നാല്‍ ശെല്‍വമണിയും യുവതിയുമായി പ്രണയത്തിലാണെന്നു പറഞ്ഞ് ഭാര്യ ഉപേക്ഷിച്ചുപോയി. അതോടെ, മകളെ വിവാഹം കഴിപ്പിച്ചു നല്‍കണമെന്ന് ശെല്‍വമണി ഗേട്ടിയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടു.
ഇതു നിരസിക്കപ്പെട്ടതോടെയാണു ശെല്‍വമണിയെത്തി വീടിനു തീകൊളുത്തിയത്. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തടയാനുള്ള ശ്രമത്തിനിടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ ഗേട്ടിയെ മേവറത്തെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ഉച്ചയോടെ ഇരുവരും മരിച്ചു.